നടൻ സെയ്ഫ് അലി ഖാന് വീടിനുള്ളില്‍വച്ച് കുത്തേറ്റ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയിൽ


മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്.

മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നുവെന്നാണ്‌ റിപ്പോർട്ടുകൾ. സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പോലീസ് പറയുന്നത്. ഒരാൾ മാത്രമാണ് അക്രമത്തിന് പിന്നിൽ. അക്രമിയും നടനും തമ്മിൽ സംഘർഷമുണ്ടായതായും തുടർന്ന് ഇയാൾ സെയ്ഫിനെ നാലുതവണ കുത്തുകയുമായിരുന്നു.

എന്നാൽ കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് സെയ്ഫ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Description: Actor Saif Ali Khan was stabbed inside his house; Three in custody