മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതായി റിപ്പോര്‍ട്ട്
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്. പൂങ്ങോട് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ തന്നെ നിര്‍ണ്ണായകമായ പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടക സമിതി പ്രതികരിച്ചിരുന്നു. 10 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കിയിരുന്നു.