മതിയായ ജീവനക്കാരില്ലാത്തതിനാൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു; പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകി
ആയഞ്ചേരി: മതിയായ ജീവനക്കാരില്ലാത്തതിനാൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഉൾപ്പടെ താളം തെറ്റുന്നു. അസി. സെക്രട്ടറി, അസി. എൻജിനീയർ, ഓവർസിയർ, വി.ഇ.ഒ, പാർട്ട്ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലാണ് ജീവനക്കാരില്ലാത്തത്. പ്രധാനപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതായി ഭരണ സമിതി അംഗങ്ങൾ പറയുന്നു.
പഞ്ചായത്ത് ഓഫിസിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ പദ്ധതി താളം തെറ്റുകയാണെന്നും ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, മുൻ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉൾപ്പെടെയുള്ള സംഘം ജില്ല കലക്ടർ, ജോയൻറ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി. ഉദ്യോഗസ്ഥരെ നിയമിക്കാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.