ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമലംഘനം; ജില്ലയിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
കോഴിക്കോട്: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി യോഗം തീരുമാനിച്ചു.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം താല്ക്കാലിക രജിസ്‌ട്രേഷന്‍ നേടി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡെന്റല്‍ ക്ലിനിക് എന്ന സ്ഥാപനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ യോഗം തീരുമാനിച്ചത്. നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഇതിനു പുറമെ, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന ഏഴ് സ്ഥാപനങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. മദര്‍ ഡെന്റല്‍ കെയര്‍ -പൊറ്റമ്മല്‍, വി പ്ലാന്റ് അഡ്വാന്‍സ്ഡ് ഹെയര്‍ ക്ലിനിക് -തൊണ്ടയാട്, ആസ്പയര്‍ മെഡിക്കല്‍ സെന്റര്‍ -ആയഞ്ചേരി, റെഡ് ക്രസന്റ് ആശുപത്രി -ഫറോക്ക്, ഗ്ലോബല്‍ മെഡി കെയര്‍ -കുന്ദമംഗലം, ഫാറ്റിന്‍ പൊളി ക്ലിനിക് -മേപ്പയൂര്‍, ഇലക്ടറോ ഹോമിയോപതിക് ക്ലിനിക് -വടകര എന്നീ സ്ഥാപനങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുവാന്‍ തീരുമാനിച്ചത്. നിയമം നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ചികിത്സകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ kceakkd@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍, ഡി എം ഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമന്‍, ഡിഎംഒ (ആയുര്‍വേദം) ഡോ. സുനി കെ, ജില്ലാ രജിസ്റ്ററിങ് അതോറിറ്റി കണ്‍വീനര്‍ ഡോ. ലതിക വി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.