ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, പക്ഷെ ബ്രീത്ത് അനലൈസറിൽ ചുമയുടെ മരുന്ന് വില്ലനായി; കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി


കോഴിക്കോട്: ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെതിരെയാണ് നടപടിയെടുത്തത്. ബ്രീത്ത് അനലൈസറാണ് ഷിദീഷിന് പണികൊടുത്തത്. ഇന്നലെ രാവിലെയാണ് സംഭവം.

കോഴിക്കോട് സ്റ്റാൻഡിൽ നിന്നും സർവ്വീസ് തുടങ്ങും മുൻപ് ഷിദീഷിനെ ഊതിച്ചപ്പോൾ ബ്രീത്ത് അനലൈസറിൽ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാൻ പാടില്ലെന്ന് മേലധികാരികൾ നിലപാടെടുത്തു. മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയിൽ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമയുണ്ടായിരുന്നു. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. ചുമയുടെ ഹോമിയോ മരുന്ന് കഴിച്ചാണ് ജോലിക്കെത്തിയതെന്നും വ്യക്തമാക്കി.

സംഭവം വഷളായതോടെ പൊലീസെത്തി. 30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ മദ്യപിച്ചതിനു തുടർ നടപടിയെടുക്കാൻ കഴിയൂ എന്ന് പോലിസ് പറഞ്ഞു. ബ്രെത്തലൈസറിൽ പൂജ്യം ആണെങ്കിൽ മാത്രമേ ഡ്യൂട്ടി നൽകാൻ അനുവാദമുള്ളൂ എന്നു പരിശോധിച്ച സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. ആശുപത്രിയിൽ പോയി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തയാറായില്ല. എംഡിയുമായി നേരിൽ കാണാൻ നിർദേശം നൽകി. ഒടുവിൽ ഇന്നലെ ഡ്യൂട്ടിയെടുക്കാനാകാതെ ഷിദീഷ് മടങ്ങി.

ഒരു വർഷം മുൻപാണ് കെഎസ്ആർടിസി ഡ്രൈവർമാർക്കു ബ്രെത്തലൈസർ പരിശോധന ആരംഭിച്ചത്. ഇതിൽ ഒന്നിൽ കൂടുതൽ പോയിന്റ് രേഖപ്പെടുത്തിയാൽ തിരിവനന്തപുരത്തേക്കു റിപ്പോർട്ട് നൽകും. 6 മാസം സസ്പെൻഷനും പിന്നീടു സ്ഥലംമാറ്റവും ഇതിനെത്തുടർന്നുണ്ടാകും.