ലേസർ ലൈറ്റ്, എയർഹോൺ, ഡീ ജെ സൗണ്ട് സംവിധാനം; അനധികൃത മാറ്റങ്ങൾ വരുത്തിയ 41 വാഹനങ്ങൾക്കെതിരെ നടപടി, വടകരയിൽ 22,000 രൂപ പിഴ ഈടാക്കി


വടകര: അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ കണ്ടെത്താനും അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ പിടികൂടാനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ജില്ലയിൽ തുടരുന്നു. വടകരയിലും രാമനാട്ടുകരയിലും നടത്തിയ പരിശോധനയിൽ 41 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

വടകരയിൽ നിയമം ലംഘിച്ച 31 വാഹനങ്ങൾക്കെതിരെയാണ് ആർടിഒ നടപടി സ്വീകരിച്ചത്. 22,000 രൂപ പിഴ ഈടാക്കി. ശനി രാവിലെ 10 മുതൽ ദേശീയ പാതയിലും വടകര പുതിയ സ്റ്റാൻഡ്‌ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. ടൂറിസ്റ്റ് വാഹനങ്ങൾ, സ്വകാര്യ ബസ്സുകൾ എന്നിവയാണ്‌ പരിശോധിച്ചത്. ഭൂരിഭാഗം ടൂറിസ്റ്റ് വാഹനങ്ങളിലും അനധികൃത വെളിച്ച സംവിധാനമുൾപ്പെടെ ഘടിപ്പിച്ചതായി കണ്ടെത്തി. തുടർന്ന്‌ പിഴ ഈടാക്കി. 16 വരെ പരിശോധന തുടരും. ബൈക്കുകളുടെ മത്സരയോട്ട വഴികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

രാമനാട്ടുകര ബൈപാസിൽ നടന്ന വാഹന പരിശോധനയിൽ 10 ടൂറിസ്റ്റ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പിടികൂടിയ വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചവ അഴിച്ചുമാറ്റിയശേഷമാണ് വിട്ടയച്ചത്. വാഹനങ്ങളിലെ ലേസർ ലൈറ്റ്, എയർഹോൺ, ഡീ ജെ സൗണ്ട് സംവിധാനം തുടങ്ങിയവയാണ്‌ മുഖ്യമായും പരിശോധിച്ചത്. ഫറോക്ക് ജോയിന്റ്‌ ആർടിഒ സാജു എ ബക്കർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, എഎംവിഐമാരായ ഡി ശരത്‌, ജിജി അലോഷ്യസ് എന്നിവർ നേതൃത്വംനൽകി.

Summary: Action taken against 41 vehicles with illegal modifications, fined Rs 22,000 in Vadakara