പതിറ്റാണ്ടുകളായി വാഹന ഗതാഗതം ഉണ്ടായിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ചു; മുക്കാളി റെയിൽവെ ഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മറ്റി
അഴിയൂർ: റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗം ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
പതിറ്റാണ്ടുകളായി വാഹനം പോയിക്കൊണ്ടിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കാൽ നട പോലും അനുവദിക്കാത്ത തരത്തിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ ആക്ഷൻ കമ്മിറ്റി പ്രത്ഷേധിച്ചു. കൊയിലാണ്ടിയിലെ റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗം തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുമ്പ് കമ്പിവേലി കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയത്.
ഗ്രാമ പഞ്ചായത്തംഗം റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് കെ.പി.ഗിരിജ യോഗം ഉദ്ഘാടനം ചെയ്തു. കെ. സാവിത്രി, എം.പി.ബാബു, ഹാരിസ് മുക്കാളി, പി.കെ..പ്രകാശൻ, പ്രദീപ് ചോമ്പാല, കെ.എ.സുരേന്ദ്രൻ, പി.പി.ശ്രീധരൻ, പാമ്പള്ളി ബാലകൃഷ്ണൻ, ഷംസീർ മിന്നാട്ടിൽ, കെ.പി.ജയകുമാർ, കെ.പി.വിജയൻ, കെ.പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ആക്ഷൻ കമ്മറ്റി ഭാരവാഹികളായി റീന രയരോത്ത് (ചെയർമാൻ), കെ.കെ.ജയചന്ദ്രൻ ജന.കൺവീനർ), പി. ബാബുരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.