കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ ദുരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ ജംഷിദിന്റെ ദുരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രൂപീകരണ യോഗം വി.ജെ സണ്ണി ഉദ്ഘാടനം ചെയ്തു. ജോസഫ് സി.എ അധ്യക്ഷത വഹിച്ചു.

കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ മെയ് ഏഴിനാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടൂകാര്‍ക്കൊപ്പംപോയ ജംഷീദിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ തട്ടിയാണ് മരണമെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നും ബന്ധുക്കള്‍ പറയുന്നു. ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോണ്‍ നഷ്ടമായെന്നവിവരമറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ ജംഷീദിനെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കൂടെയുണ്ടായവര്‍ സംഭവശേഷം അന്വേഷിക്കുക പോലും ചെയ്തില്ലെന്നും മരണത്തില്‍ സുഹൃത്തുക്കള്‍ക്ക് ലഹരി മാഫിയ ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ അരുണ്‍ കെ.ജി, ജോസഫ് വെട്ടുകല്ലേല്‍, വി.കെ ഹസീന, വിജയന്‍ കിഴക്കയില്‍മീത്തല്‍, വിത്സന്‍ പാത്തിച്ചാലില്‍, ഇ.ടി നാരായണന്‍, തോമസ്‌കുട്ടി സി.എ, അശോകന്‍ കുറങ്ങോട്ട്, രാജന്‍ ഉറുമ്പില്‍, എ.കെ പ്രേമന്‍, ജലീല്‍ കുന്നുംപുറത്ത് എന്നിവര്‍ സംസാരിച്ചു

കമ്മിറ്റി ഭാരവാഹികളായി അരുണ്‍ കെ.ജി (കണ്‍വീനര്‍), ജലീല്‍ കുന്നുംപുറത്ത് (ചെയര്‍മാന്‍), വിത്സന്‍ പാത്തിച്ചാലില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.