തൂണേരി ഷിബിൻ വധക്കേസ്; പ്രതികളെ കുറ്റവിമുക്തരാക്കുന്നത് അപകടകരമായ സന്ദേശം നൽകും, വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമർശനം


കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സാങ്കേതിക കാരണങ്ങളാൽ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുതെന്നും ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി പറഞ്ഞു. പ്രതികളെ കുറ്റവിമുക്തരാക്കുന്നത് തെറ്റും അപകടകരവുമായ സന്ദേശം നൽകും. നിയമവാഴ്ചയില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പടരാനിടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾക്കും, 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നൽകണം. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള പ്രതികൾ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതൽ പതിനേഴ് വരെയുള്ള പ്രതികൾ കൊലയാളികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ്. കേസിൽ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചത്. 2016 മെയിൽ കേസിലെ പ്രതികളെ എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ അഡീഷണൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ വെറുതെ വിട്ടത്. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.