കണ്ണൂരില്‍ ആസിഡ് അക്രമണം; കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: ആസിഡ് ആക്രമണത്തില്‍ കണ്ണൂരില്‍ ഏഴു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയില്‍ ബുധനാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആസിഡാക്രമണം നടത്തിയത്.
താമസക്കാരായ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ പ്രതി അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടികളടക്കമുള്ള ആറ് പേര്‍ക്ക് പൊള്ളലേറ്റത്. കോളനിയിലെ താമസക്കാരനായ സുബാഷിനാണ് (36) ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ പരിയാരത്തെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആര്യ (5), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പരിക്കേറ്റ സുഭാഷ് അടുത്തകാലത്ത് കോളനിയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുനീർ എന്നാണ് ലഭിക്കുന്ന വിവരം. കരിക്കോട്ടക്കരി സിഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തു.