താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; കുറ്റാരോപിതരായവരെ എസ്‍.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും, വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും


കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. ഇവരെ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന തീരുമാനമെടുത്തത്.

ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയത്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നൽകുകയു ചെയ്തു. താമരശ്ശേരി പൊലീസാണ്‌ നിർദേശം നൽകിയത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷതക്കൾക്കൊപ്പം വിട്ടത്.

വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.ട്യൂഷൻ സെൻററിലെ പത്താംക്ളാസ് വിദ്യാർത്ഥികളുടെ യായത്രയയപ്പ് പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.