പൊലീസിനെ പറ്റിക്കാൻ മീശയെടുത്തു, ഇടയ്ക്കിടെ വസ്ത്രം മാറി; എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി ചെന്നൈയിൽ പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവില്ല്യാമല സ്വദേശി അബ്ദുൽ സനൂഫ് (28) ആണ് പിടിയിലായത്. ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പൊലീസിന് തിരിച്ചറിയാതിരിക്കാൻ മീശയെടുത്തു കളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ കുടുങ്ങി പിടിയിലാവാതിരിക്കാൻ ഷർട്ടുകൾ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്. പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തീവണ്ടി മാർഗം ബംഗളൂരുവിൽ എത്തിയ സനൂഫ് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെ നിന്ന് ചെന്നൈയിലേക്ക് മാറുകയായിരുന്നു. വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്.

നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കർണാടകയിൽ നിന്നെടുത്ത സിംകാർഡാണ് ഉപയോഗിച്ചത്. അതിൽനിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങൾ മനസ്സിലായത്. സൈബർസെൽ നൽകിയ വിവരത്തിന്റെ അടിസ്ഥനത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ പോലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടു നിന്ന് ട്രെയിനിൽ ബാംഗ്ലൂരിലേക്ക് പോവുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതു മുതൽ പോലീസ് സനൂഫിനു പിന്നാലെയുണ്ട്. ഒളിവിൽ പോകാനും സിംകാർഡ് എടുക്കാനുമെല്ലാം ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുറ്റാന്വേഷണ വിദഗ്ദ്ധരായ പൊലീസുകാരെ ഉൾപ്പെടുത്തി മൂന്നു സംഘങ്ങളായാണ് കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സൈബർ വിദഗ്ദ്ധരും സനൂഫിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു. സിറ്റി പോലീസ് അസി. കമ്മീഷണർ ടി.കെ.അഷ്റഫിന്റെ കീഴിൽ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷാണ് അന്വേഷണം ഏകോപിപ്പിച്ചത്. ഫസീലയും പ്രതി സനൂഫും ഒരുമിച്ചാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.