വടകരയിൽ സ്വകാര്യ ബസിനുളളിൽ സഹയാത്രികനെ തെങ്ങുക്കയറ്റത്തൊഴിലാളി കൊടുവാൾ കൊണ്ട് വെട്ടിയ സംഭവം; പേരാമ്പ്ര സ്വദേശിയായ പ്രതി റിമാൻഡിൽ
വടകര: സ്വകാര്യ ബസിനുളളിൽ സഹയാത്രിനെ തെങ്ങുക്കയറ്റത്തൊഴിലാളി കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റിമാന്റിൽ. പേരാമ്പ്ര കൂത്താളി സ്വദേശി പുത്തൂർ ചാലിൽ ശ്രീനിവാസൻ (59) നെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീഴൽമുക്ക് ബസ് സ്റ്റോപിലായിരുന്നു സംഭവം. വില്യാപ്പള്ളി പഞ്ചായത്ത് ജീവനക്കാരൻ മുടപ്പിലാവിൽ സ്വദേശി വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വടകരയിൽ നിന്നും പേരാമ്പ്ര ബസിൽ യാത്ര ചെയ്യുന്നതിനിടെ വെട്ടേറ്റത്.
വടകരയിൽ നിന്നും ഇതേ ബസിലെ യാത്രക്കാരനായിരുന്നു ശ്രീനിവാസൻ. ബസിലെ മറ്റ് യാത്രക്കാരോട് ശ്രീനിവാസൻ അപമര്യാദയായി പെരുമാറിയത് രവീന്ദ്രൻ ചോദ്യം ചെയ്തിരുന്നു. കീഴൽ മുക്കിൽ ബസിറങ്ങിയ രവീന്ദ്രൻ ബസിനു സൈഡിലൂടെ നടന്നു പോകവെ തെങ്ങ് കയറ്റ തൊഴിലാളിയായ ശ്രീനിവാസൻ തൻറെ കൈവശം സഞ്ചിയിൽ ഉണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വലത്തെ കൈത്തണ്ടക്ക് വെട്ടേറ്റ രവീന്ദ്രനെ വടകര സഹകരണ ആശുപത്രിയിൽ അടിയന്തിര ശസ്ത്ര ക്രിയക്ക് വിധേയനാക്കിയിരുന്നു.