പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തി തട്ടിപ്പ്; പയ്യന്നൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്ത പ്രതി പിടിയിൽ
കണ്ണൂര്‍: പയ്യന്നൂരില്‍ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറുടെ പക്കല്‍ നിന്നാണ് പ്രതി പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തി തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിലെത്തിയ പ്രതി മറ്റൊരു ധനകാര്യസ്ഥാപനത്തിൽ പണയത്തിലുള്ള സ്വർണം പലിശ കൂടുതലായതിനാൽ ഇങ്ങോട്ടേക്ക് മാറ്റി വെക്കണമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് മാനേജറെ പറഞ്ഞ് വിശ്വസിപ്പിച്ച് 45000 രൂപ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ പണം വാങ്ങിപ്പോയ അബ്ദുള്‍ നാസര്‍ തിരിച്ചുവരാതായതോടെയാണ് തട്ടിപ്പ് നടന്നതായി മനസിലായത്.
മനേജറുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി സിസിടിവി അടക്കമുള്ളവ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ പണവുമായി പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ടെത്തി. പിന്നാലെ പ്രതിയുടെ ദൃശ്യവും പരാതിക്കാരിയിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറും ശേഖരിച്ച ശേഷം സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നിലമ്പൂരിലുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടി കോടതയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. സമാനമായ രീതിയിൽ പ്രതിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എട്ടോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Description: Accused of extorting money from private financial institution manager arrested in Payyannur