കുതിരവട്ടത്തു നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി വേങ്ങരയില്‍ പിടിയില്‍; പൂനം ദേവി രക്ഷപ്പെട്ടത് വെന്റിലേറ്ററിന്റെ ഗ്രില്‍ തകര്‍ത്ത്
കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു തടവുചാടിയ കൊലക്കേസ് പ്രതിയെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം വേങ്ങരയില്‍ നിന്ന് പിടികൂടി. ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിഹാറിലെ വൈശാലി സ്വദേശിനിയായ പൂനം ദേവിയാണ് ഇന്നലെ അര്‍ധരാത്രിയോടെ ഫോറന്‍സിക് വാര്‍ഡില്‍ നിന്നു രക്ഷപ്പെട്ടത്. ടോയ്ലെറ്റിന്റെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റര്‍ ഹോള്‍ വഴിയാണ് രക്ഷപ്പെട്ടത്.
കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി പൂനം ദേവി ഭര്‍ത്താവ് സഞ്ജിത് പസ്വാനെ കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് കേസ്. തുടര്‍ന്ന് വയറുവേദന വന്നു സഞ്ജിത് പാസ്വാന്‍ മരണപ്പെട്ടു എന്നായിരുന്നു പൂനം ദേവി പറഞ്ഞിരുന്നത്.
തുടരന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പാസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കുള്ളതായും കുരുക്ക് മുറുകിയതിനാല്‍ കഴുത്തിലെ എല്ല് പൊട്ടിയതായും വ്യക്തമായതോടെ പൂനംദേവിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയതായി സമ്മതിച്ചതിനെ തുടര്‍ന്ന് വേങ്ങര പോലീസ് പൂനംദേവിയെ അറസ്റ്റു ചെയ്തു.
കിടത്തി ചികിത്സിക്കേണ്ട മാനസിക രോഗിയാണെന്നു കണ്ട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്താണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പൂനം ദേവിയെ അഡ്മിറ്റ് ചെയ്തത്. ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിക്കുകയും മലപ്പുറം വേങ്ങരയില്‍ നിന്നു കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ കാണാന്‍ പോകുകയാണെന്ന് പൂനംദേവി മാനസികാരോഗ്യകേന്ദ്രത്തിലെ ചില അന്തേവാസികളോട് പറഞ്ഞിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.
കോഴിക്കോട് നിന്നുള്ള ബസില്‍ വേങ്ങര സ്റ്റാന്‍ഡില്‍ ഇറങ്ങിയ പൂനത്തെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പോലീസെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.