ഒറ്റ രാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ; മാവൂരിൽ നടന്ന മോഷണ പരമ്പരയിലെ പ്രതി പിടിയിൽ, പയ്യോളിയിലും മോഷണം നടത്തിയതായി മൊഴി
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പ് മാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതി മാവൂർ പോലീസിന്റെ പിടിയിലായി. ഒറ്റ രാത്രിയില്‍ പൂവാട്ടുപറമ്പ് മുതല്‍ ചൂലൂർ വരെ പത്ത് കിലോമീറ്റർ ചുറ്റളവില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ കോഴിക്കോട് കാരപ്പറമ്ബ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്തി (32) നെ മാവൂർ പൊലീസും മെഡിക്കല്‍ കോളജ് അസി. കമ്മിഷണർ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് മാവൂർ, പെരുവയല്‍, പെരുമണ്ണ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഇയാള്‍ മോഷണം നടത്തിയത്. ഇന്നലെ പുലർച്ചെ എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ഭാഗത്തെ ആലുമ്ബിലാക്കല്‍ അമ്ബലത്തില്‍ കവർച്ചനടത്തിയ ശേഷം പ്രതി പെരുവയല്‍ കട്ടയാട്ട് അമ്ബലത്തിലും മോഷണം നടത്തി. ശേഷം ചെറൂപ്പയിലുള്ള ഹാർഡ് വെയർഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തി. തുടർന്ന് പ്രതി മാവൂരിലെത്തി മില്‍മ ബൂത്ത് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു.
അതിന് ശേഷം സങ്കേതം കുനിയില്‍ ശിവക്ഷേത്രത്തിലും മോഷണം നടത്തി. മോഷണ ശേഷം പ്രതി എരഞ്ഞിപ്പാലത്തെ രഹസ്യതാവളത്തിലേക്ക് തിരിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളില്‍ പ്രതി രഹസ്യമായി താമസിക്കുകയായിരുന്നു. ഇയാൾ പയ്യോളി, നടുവണ്ണൂർ ഭാഗങ്ങളിലെ കടകളിലും മോഷണം നടത്തിയതായി പൊലീസിനോട് സമ്മതിച്ചു.
പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ അന്നു തന്നെ പൊലീസിന് ലഭിച്ചു. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മോഷണം നടന്ന കടകളില്‍ നിന്നും പൊലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുമ്പും സമാനമായ മോഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പിടിയിലായ ജോഷിത്തെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി, റൂറല്‍, കണ്ണൂർ, മലപ്പുറം സ്റ്റേഷനുകളില്‍ വാഹന മോഷണം, ബാറ്ററി മോഷണം, അമ്ബല മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
പ്രതിയുടെ കയ്യില്‍ നിന്ന്
മോഷണത്തിനുപയോഗിക്കുന്ന കൈയ്യുറയും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മോഷണത്തിന് മറ്റു സഹായികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നിർമാണ മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രതി മദ്യപിക്കുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പൊലീസിനോട് സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ മോഷണം നടന്ന കടകളിലും ക്ഷേത്രങ്ങളിലുമെത്തിച്ച് തെളിവെടുത്തു.
Summary: Several thefts within a ten kilometer radius in one night; Accused in the Mavur theft series arrested, it is said that he also committed theft in Payyoli