കൊടും വളവും കുത്തനെയുള്ള ഇറക്കവും; പേരാമ്പ്ര- ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
പേരാമ്പ്ര: പേരാമ്പ്ര- ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപമുള്ള ഇറക്കത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് രാവിലെ അരിയുമായി വന്ന ലോറി മറിഞ്ഞതടക്കം ഒരുപാട് അപകടങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളത്. കൊടും വളവും കുത്തനെയുള്ള ഇറക്കവും കാരണമാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് വെള്ളിയൂര്‍ സ്വദേശിയുടെ മരണത്തിന് പോലും ഈ അപകട മേഖല കാരണമായിട്ടുണ്ട്. വെള്ളിയൂര്‍ യു.പി സ്‌കൂളിനും ഹൈസ്‌കൂളിനും ഇടയിലാണ് അപകട മേഖല. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍, വെള്ളിയൂര്‍ മദ്രസ, അംഗനവാടി, എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൂടിയാണിത്. ഇതിലൂടെയുള്ള കാല്‍നടയാത്രയും ദുസ്സഹമാണ്.
മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം കെട്ടിനില്‍ക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അപകടം പതിയിരിക്കുന്ന ഇവിടെ സൈന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതര്‍ ഇനിയും മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഇന്ന് രാവിലെയാണ് അരിയുമായി വന്ന ലോറി അപകടമേഖലയില്‍ മറിഞ്ഞത്. പശ്ചിമ ബംഗാളില്‍ നിന്ന് അരിയുമായി പന്തിരിക്കരയ്ക്ക് പോവുകയായിരുന്ന ലോറിയായിരുന്നു മറിഞ്ഞത്. എതിരെ വന്ന് ബസിന് സൈഡു കൊടുക്കുന്നതിനിടയില്‍ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.