അബദ്ധത്തിൽ അയച്ച മെസേജ് ഡിലീറ്റ് ചെയ്യുമ്പോൾ വീണ്ടും അബദ്ധം പറ്റിയോ? വിഷമിക്കേണ്ട, ‘ഡിലീറ്റ് ഫോർ മീ’ ക്ലിക്ക് ചെയ്താലും തിരുത്താനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്, വിശദമായി അറിയാം


വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധമാണ് ആളുമാറി മെസേജ് അയക്കുക എന്നത്. പലപ്പോഴും ഇത് നാണക്കേടിനും കാരണമാകും. അതിന് പരിഹാരമായാണ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്.

എന്നാൽ ഈ ഫീച്ചർ അതിനെക്കാൾ വലിയ തലവേദനയാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്. അബദ്ധത്തിൽ അയച്ച മെസേജ് തിടുക്കത്തിൽ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് വരിക. മെസേജ് കിട്ടിയവരുടെ ഫോണിൽ നിന്ന് കൂടി ഡിലീറ്റ് ചെയ്യാനുള്ള ‘ഡിലീറ്റ് ഫോർ ഓൾ’, സ്വന്തം ഫോണിൽ നിന്ന് മാത്രം മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ‘ഡിലീറ്റ് ഫോർ മീ’ എന്നിവയാണ് അവ.

വെപ്രാളത്തിൽ ഡിലീറ്റ് ഫോർ ഓൾ എന്നതിന് പകരം ഡിലീറ്റ് ഫോർ മീ എന്ന ഓപ്ഷനാണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ ആ മെസേജ് പിന്നെ ഒരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധത്തിൽ മെസേജ് സ്വീകരിച്ച ആളുടെ ഫോണിൽ ഉണ്ടാകും. നാണക്കേട് ഉണ്ടാക്കുന്ന മെസേജ് വല്ലതും ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.

ഈ അബദ്ധം സംഭവിച്ച നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ ഇതിനൊരു പരിഹാരം ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. യാദൃച്ഛികമായി ഡിലീറ്റ് ഫോര്‍ എവരിവണിനു പകരം ഡിലീറ്റ് ഫോര്‍ മീ ക്ലിക്ക് ചെയ്തവർക്കായിരിക്കും ഇത് പ്രയോജനപ്പെടുക. ഒരു സന്ദേശം ആര്‍ക്കെങ്കിലും അയയ്ക്കുക. ആ സന്ദേശത്തില്‍ പതിവുപോലെ ക്ലിക്ക് ചെയ്താൽ ഡിലീറ്റ് ഫോര്‍ മീ, ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനുകള്‍ കാണാം.

ഡിലീറ്റ് ഫോര്‍ മി തിരഞ്ഞെടുക്കുക. അപ്പോള്‍ താഴെ ഒരു അണ്‍ഡൂ (Undo) ബട്ടണ്‍ തെളിഞ്ഞുവരും. ഇതില്‍ ക്ലിക്ക് ചെയ്താൽ വീണ്ടും മെസേജ് തിരിച്ചു വരും. വീണ്ടും മെസേജില്‍ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ തിരഞ്ഞെടുക്കാം.

ആക്സിഡന്റ് ഡിലീറ്റ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. എന്തായാലും വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ് എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ.