മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി; 10 ലക്ഷം രൂപയുടെ ആനുകൂല്യവുമായി മത്സ്യഫെഡ്


കോഴിക്കോട്: മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യവുമായി മത്സ്യഫെഡ്. അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍, അപകടത്തില്‍ പൂര്‍ണ അംഗ വൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് 10 ലക്ഷവും ഭാഗികമോ സ്ഥിരമായതോ ആയ അംഗ വൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി 10 ലക്ഷവും ലഭിക്കും.

മരണത്തിലേക്കോ സ്ഥിരമായ അംഗ വൈകല്യത്തിലേക്കോ നയിച്ചില്ലെങ്കില്‍ കൂടി അപകട മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ആയി ഒരു ലക്ഷവും കോമറ്റോസ് ആനുകൂല്യമായി ഒരു ലക്ഷം രൂപയും അപകടം സംഭവിച്ച് എഴ് ദിവസത്തില്‍ കൂടുതല്‍ അഡ്മിറ്റ് ആകുന്നതിനുള്ള ആനുകൂല്യമായി 10000 രൂപയുമാണ് ലഭിക്കുക.

അപകട മരണം ആണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ചാര്‍ജ്ജായി 5,000 രൂപ, അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ചെലവായി 5,000 രൂപ വരെയും ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സില്‍ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് പരമാവധി ഒരു ലക്ഷം രൂപയും കുടുംബത്തിന് ഒറ്റത്തവണ ധനസഹായമായി നല്‍കും.

18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 2025 മാര്‍ച്ച് 30 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 509 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ്.

മുഴുവന്‍ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ബോട്ടിലെ എല്ലാ തൊഴിലാളികളേയും, സ്വയം സഹായ ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളേയും ഉള്‍പ്പെടെ മുഴുവന്‍ അനുബന്ധത്തൊഴിലാളികളേയും ഇന്‍ഷുര്‍ ചെയ്യണം. ഫോണ്‍ – 9526041060, ക്ലസ്റ്റര്‍ ഓഫീസുകള്‍ – 8714866129, 9074106734, 7306885794.

Summary: Accident insurance scheme for fishermen