വടകര പുത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു


വടകര: പുത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു. പുത്തൂർ അക്കംവീട്ടിൽ മുഹമ്മദ് ഷജൽ(15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

രണ്ട് ദിവസം മുൻപാണ് അപകടം. കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ പുത്തൂർ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയതായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പരിചയത്തിലുള്ള ഒരാളുടെ ബൈക്ക് ഷജൽ ഓടിച്ച് നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വില്ല്യാപ്പള്ളി എംജെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.
ഉപ്പ: അഷ്റഫ്
ഉമ്മ: റിജിന
മൂന്നു സഹോദരങ്ങളുണ്ട്.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് നടക്കും.