മഴ കുറേ പെയ്തിട്ടും കാര്യമില്ല, നാദാപുരം പാറക്കുന്നത്ത് പ്രദേശത്തുകാർക്ക് കുടിവെള്ളം വർഷങ്ങളായി കിട്ടാക്കനി; ദുരിതം അനുഭവിക്കുന്നത് ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ
നാദാപുരം: മഴ പെയ്യുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് നാദാപുരം പാറക്കുന്നത്ത് പ്രദേശത്തുകാർ . ഈയ്യങ്കോട് രണ്ടാം വാർഡിലെ 25 ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് പോലും പല വീടുകളിൽ നിന്നായി സ്ത്രീകൾ തലയിൽ ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ രണ്ട് പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ കുറച്ച് കാലത്തിന് ശേഷം മോട്ടോർ തകരാറിലായി പമ്പിംഗ് തടസ്സപ്പെട്ടു. പ്രദേശവാസികൾ പിരിവെടുത്ത് മോട്ടോർ നന്നാക്കിയെങ്കിലും നാല് വർഷം മുമ്പ് ഇത് വീണ്ടും തകരാറിലായി. അതിന് ശേഷം മോട്ടോർ നന്നാക്കിയിട്ടില്ല.
പഞ്ചായത്തിനോട് പുതിയ മോട്ടോർ സ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടങ്കിലും പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതിനിടെ ജലജീവൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുന്നിന് മുകളിൽ വേണ്ടത്ര വെള്ളം ലഭിക്കുന്നുമില്ല. കുടിവെള്ള ക്ഷാമത്തിന് എത്രയും പെട്ടന്ന് പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്തിന് മുന്നിൽ സമരപരിപാടി സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.