ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നത് മറ്റൊരു കേസ്; ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വേളം സ്വദേശി അബ്ദുള്‍ ലത്തീഫ് മുമ്പും കേസുകളില്‍ പ്രതി


പേരാമ്പ്ര: ബലാത്സംഗക്കേസില്‍ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്ത അബ്ദുള്‍ ലത്തീഫിനെതിരെ മുമ്പും കേസുകള്‍. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയും വേളം പെരുവയലിലെ എം.എം.അഗ്രി പാര്‍ക്കില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടും അബ്ദുള്‍ ലത്തീഫിനെതിരെ കുറ്റ്യാടി പൊലീസില്‍ കേസ് നിലവിലുണ്ട്.

അബ്ദുല്‍ ലത്തീഫും ഭാര്യയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. പരാതിയില്‍ പ്രൊട്ടക്ഷനോടുകൂടി എം.എം പാര്‍ക്കിനുള്ളിലെ അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ താമസിക്കാന്‍ കോടതിയില്‍ നിന്നും അനുമതി തേടുകയും ചെയ്തിരുന്നു.

ഇതിനുസരിച്ച് ഭാര്യ ജംഷീന വീട്ടിലെത്തിയപ്പോള്‍ ലത്തീഫും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭാര്യ വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതടക്കം മൂന്നുകേസുകള്‍ ലത്തീഫിനെതിരെ നിലവിലുണ്ടെന്ന് കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പുതിയപ്പുറം സ്വദേശിനിയായ 27കാരി നല്‍കിയ ബലാത്സംഗക്കേസില്‍ റിമാന്‍ഡിലാണ് അബ്ദുള്‍ ലത്തീഫ്. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തൊട്ടില്‍പ്പാലത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് എത്തിച്ചതെന്നാണ് യുവതിയുടെ മൊഴി.

summary: abdullatheef, who was arrested by the perambra police in the rape case had earlier cases against him