പേരാമ്പ്രയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; കല്ലോട് സ്വദേശി റിമാൻഡിൽ


പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മൽ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മർദ്ദിച്ചത്.

പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.