വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍


വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്.

 

ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബെംഗലുരുവില്‍ നിന്ന് വില്‍പ്പനയ്ക്ക് എത്തിച്ചതാണ് എംഡിഎംഎയെന്ന് എക്‌സൈസ് സംഘം അറിയിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍ കെ, ഷൈലേഷ് കുമാര്‍ എം.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, വിജേഷ്.പി, സിനീഷ് കെ, ശ്യാംരാജ് എ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബബിത.ബി, സീമ.പി, ഡ്രൈവര്‍ ശ്രീജിത്ത് കെ പി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.