ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി വടകര പോലീസിൻ്റെ പിടിയിൽ


വടകര: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത്‌ യുവതിയെ കബളിപ്പിച്ച കേസിൽ ഒരാളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓമന്നൂർ സ്വദേശി കോട്ടക്കാട് കെ.വിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനി അതിഥിബാലിൻ്റെ പരാതിയിലാണ് പോലീസ് നടപടി.

യുവതിയുടെ ആറര ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തതായാണ് വിവരം.
മൊബൈലിലേക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന് തുടക്കം. തുടർന്ന് വർക്ക് ഫ്രം ഹോം എന്ന ടെലഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും ആമസോൺ പ്രൊഡക്ടുകൾക്ക് റിവ്യൂ നൽകുക എന്ന ടാസ്ക്‌ നൽകുകയും ചെയ്തു. തുടക്കത്തിൽ ചെറിയ പ്രതിഫലം നൽകിയ ശേഷം യുവതിയുടെ 6,93,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

പരാതിക്കാരിയുടെ നഷ്‌ടമായ ഒരു ലക്ഷം രൂപ അടക്കം രണ്ട് ലക്ഷം രൂപയാണ് പ്രതിയുടെ അക്കൗണ്ടിൽ എത്തിയത്. പ്രതിയുടെ അക്കൗണ്ടും എടിഎം കാർഡും ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലായി. തുടർന്നാണ് വടകര സിഐ സുനിൽ
കുമാർ പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. എഎസ്ഐ രജീഷ് കുമാർ, എസ്‌സിപിഒ ശ്രീജ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ വടകര കോടതി റിമാന്റ് ചെയ്തു.