ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി; കാസർകോട് യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു
കാസർകോട്: ദേശീയപതാക ഉയർത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവ വൈദികൻ മരിച്ചു. കാസർകോട് മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ദേശീപതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന അസി.വികാരി സെബിന്‍ ജോസഫ് ദൂരേക്ക് തെറിച്ചു വീണിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് ഫാദര്‍ മുള്ളേരിയയില്‍ വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ അസി.വികാരിയായി പ്രവർത്തിച്ചിരുന്നു.
കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.