പഴയ ആഭരണങ്ങൾക്ക് പകരം അപൂര്‍വ ആഭരണം തരാം, 5 പവന് പകരം നൽകിയത് ഹൽവയും 100 രൂപയും; മയ്യന്നൂര്‍ സ്വദേശി പിടിയില്‍


നാദാപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് 20 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വടകര വില്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി പാലൊള്ള പറമ്പത്ത് പി.പി മുഹമ്മദ് നജീറി(29)നെയാണ് നാദാപുരം ഡിവൈഎസ്പി പി.പി പ്രമോദും സംഘവും പിടികൂടിയത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ച് പവന്‍ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

നവംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ ആഭരണങ്ങൾക്ക് പകരം പുതിയത് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വർണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജൂവലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂർവവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങൾക്ക് പകരം ഇവ നൽകാമെന്നുമായിരുന്നു ഇൻസ്റ്റഗ്രാം വഴി വിശ്വസിപ്പിച്ചത്.

തുടര്‍ന്ന്‌ താനക്കോട്ടൂരിലെ യുവതിയുടെ വീടിനു മുൻപിൽ എത്തി യുവതിയുടെ സ്വർണത്തിന്‌ പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും അടങ്ങിയ ബാഗ് നൽകുകയായിരുന്നു. വീട്ടിലെത്തി യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 15 പവന്റെ ആഭരണം കൈക്കലാക്കിയതിനും പ്രതിക്കെതിരെ കേസുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു. നാദാപുരം കോടതി പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.

Description: A young man was arrested in the case of cheating young women and stealing 20 pav of gold jewellery