‘ഉരച്ചു നോക്കിയപ്പോഴും അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണ്ണം തന്നെ, 916 സിലും ഉണ്ട്’; വ്യാജ സ്വർണം വിറ്റ് പണംതട്ടിയ കേസിൽ യുവാവ് പേരാമ്പ്ര പൊലീസിൻ്റെ പിടിയിൽ


പേരാമ്പ്ര: വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്‌ഥാപനത്തിൽ രണ്ട് പവൻ തൂക്കം വരുന്ന വ്യാജ സ്വർണവള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിലേറെ തുക കൈക്കലാക്കിയത്. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം.

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്ന് കാണിച്ചതും 916 സീൽ ഉള്ളതും കാരണമാണ് പണം നൽകിയത്. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണു സംഭവം വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പേരാമ്പ്ര പൊലിസിൽ പരാതി നൽകുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ പാലേരി വലിയ വീട്ടുമ്മൽ ആകാശ് (22) ഒളിവിലാണ് ഉള്ളത്.

പേരാമ്പ്ര ഡി.വൈ.എസ്‌.പി വി.വി.ലതീഷ്, ഇൻസ്‌പെക്ടർ പി.ജംഷിദ് എന്നിവരുടെ നിർദേശ പ്രകാരം എസ്‌.ഐ കെ.സജി അഗസ്‌റ്റിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും പ്രതികൾ മുങ്ങിയിരുന്നു അന്വേഷണം ഊർജിതമാക്കിയ പൊലീസ് ബാലുശ്ശേരിയിൽ എത്തിയ പ്രതിയെ വിദഗ്‌ധമായി പിടികൂടുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാട്ടിൽ ഇത്തരം വ്യാജ സ്വർണം കൂടുതലായി എത്തിയിട്ടുണ്ടെന്നു. ജനങ്ങൾ ശ്രദ്ധിക്കണമെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു.

Summary: ‘The gold itself, when rubbed and assayed in the analyzer, is 916 Zl’; A young man was arrested by the Perampra police in the case of extorting money by selling fake gold