വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; താമരശ്ശേരിയില്‍ അതിഥി തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്ന് യുവാവ്‌


താമരശ്ശേരി: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ ഫോണും പണവും കവര്‍ന്ന് യുവാവ്. താമരശ്ശേരിക്ക് സമീപം കാരാടിയിലാണ് സംഭവം. കാരാടി പുതിയ ബസ് സ്റ്റാന്‌റിന് സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചത്.

മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ടു പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വീട്ടുപ്പണിക്കെന്ന് പറഞ്ഞ് സമീപിച്ച യുവാവ് ഇവരെ ആള്‍ താമസമില്ലാത്ത ഒരു വീട് കാണിച്ചുകൊടുക്കുകയും, അത് സ്വന്തം വീടാണെന്ന് പറഞ്ഞ് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ പരിസരം വൃത്തിയാക്കുന്നതിനിടെയായിരുന്നു യുവാവ് ഫോണും പണവുമായി കടന്നു കളഞ്ഞത്.

സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം തൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ നോക്കി യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.