വടകരയിൽ ലിഫ്റ്റിൽ യുവാവ് കുടുങ്ങി; ബിൽഡിങ്ങിലുള്ളവർ വിവരം അറിയുന്നതിന് മുൻപ് പറന്നെത്തി അ​ഗ്നിരക്ഷാ സേന


വടകര: ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അ​ഗ്നിരക്ഷാ സേന രക്ഷിച്ചു. ഓർക്കാട്ടേരി സ്വദേശി ഷാമിലാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം.

വടകര മാർക്കറ്റിലെ ജീപാസ് ബിൽഡിംഗിലെ ലിഫ്റ്റിലാണ് യുവാവ് കുടുങ്ങിയത്. ലിഫ്റ്റിൽ നിന്ന് ഷാമിൽ തന്നെ താൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഫയർ ഫോഴ്സ് കൺട്രോൾ റൂമിൽ അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകരയിൽ നിന്നും സീനിയർ ഫയർ & റസ്ക്യു ഓഫീസറായ ഒ. അനീഷിന്റെ നേതൃത്വത്തിൽ സേനാം​ഗങ്ങൾ സ്ഥലത്തെത്തി. യുവാവിനെ ലിഫ്റ്റിൽ നിന്നും പുറത്തിറക്കി.

അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ സ്ഥലത്തെത്തിയപ്പോഴാണ് ലിഫ്റ്റിനുള്ളിൽ യുവാവ് കുടുങ്ങിയിട്ടുണ്ടെന്ന കാര്യം ബിൽഡിങ്ങിലുള്ളവർ അറിയുന്നത്. റസ്ക്യൂ ഓഫീസർമാരായ ഷിജേഷ് . ടി, ലികേഷ് . വി , സന്തോഷ് കെ , സുബൈർ കെ , സാരംഗ് . എസ്.ആർ, അമൽ രാജ് .ഒ കെ, രതീഷ് . ആർ. എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.