മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം തുടങ്ങി നിരവധി കേസുകള്‍, 2024 ല്‍ നാടുകടത്തി; കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. ജില്ലയില്‍ നിന്നും നാടുകടത്തിയ വെള്ളയില്‍ സ്വദേശി നാലുകുടിപറമ്പ് വീട്ടില്‍ ഖാലിദ് അബ്ബാദി (24 വയസ്സ്) ആണ് കാപ്പ നിയമം ലംഘിച്ച് ജില്ലയിലെ ബീച്ച് ലയണ്‍സ് പാര്‍ക്കിനു സമീപം എത്തിയത്.
കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ആളുകളുടെ വിലകൂടിയ മുതലുകളും, പണവും മറ്റും കളവ് നടത്തുക, പിടിച്ചുപറി നടത്തുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുക, മാരക മയക്കുമരുന്നായ എം.ഡി.എം.എ അമിത ആദായത്തിന് വില്‍പ്പന നടത്തുന്നതിനും ഉപയോഗത്തിനായും കൈവശം വെക്കുക. പൊതു സ്ഥലത്തുവച്ച് പരസ്യമായി മദ്യപിച്ചും നിയമം മൂലം നിരോധിച്ച മയക്കുമരുന്നായ കഞ്ചാവ് ഉപയോഗിച്ചും നഗരത്തിലെ പലഭാഗങ്ങളിലും പ്രത്യേകിച്ച് ബീച്ച് ഭാഗങ്ങളില്‍ മൊത്തമായും ചില്ലറയായും വില്പന നടത്തുന്നതുമായും ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.

വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയായായ പ്രതിയെ 2024 ആണ് നാടുകടത്തിയത്. ജില്ലയില്‍ പ്രവേശിച്ചെന്ന് അറിഞ്ഞ വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദേശപ്രകാരം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍, എസ്.സി.പി.ഓ റിജേഷ് , സി.പി.ഓ ഷിനില്‍ കെ.എച്ച.്ജി സഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.