പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ പേരില്‍ ലാഭം കൊയ്യാമെന്ന് ആളുകളെ വിശ്വസിപ്പിച്ച് കണ്ണൂരില്‍ 22 കാരന്‍ നൂറുകോടി രൂപയോളം തട്ടിയതായി ആരോപണം


കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ വന്‍ ലാഭം കൊയ്യാം എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് കണ്ണൂരില്‍ 22കാരന്‍ 100 കോടിയോളം രൂപ തട്ടിയതായി ആരോപണം. പണവുമായി ഇയാള്‍ കടഞ്ഞുകളഞ്ഞതായാണ് വിവരം. കണ്ണൂര്‍ ചപ്പാരപ്പടവില്‍ താമസിച്ചിരുന്ന യുവാവാണ് ആളുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇയാള്‍ തളിപ്പറമ്പിന് അടുത്ത് ട്രെയ്ഡിംഗ് ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം തുക നല്‍കാമെന്ന് പറഞ്ഞാണ് ആളുകളില്‍നിന്ന് ഇയാള്‍ തുക സമാഹരിച്ചത്. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ ലാഭം നല്‍കുകയും ചെയ്തു. എന്നാല്‍ പലരും ലാഭം കിട്ടിയ പണം വീണ്ടും ഇയാളുടെ പക്കല്‍ തന്നെ നിക്ഷേപിച്ചു. വന്‍ തുക മോഹിച്ച് പലരും രണ്ടു ലക്ഷത്തോളം രൂപ വീതം വരെ ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒടുവില്‍ പണവും ലാഭവും എല്ലാം എടുത്ത് യുവാവ് കടന്നു കളഞ്ഞെന്നാണ് തട്ടിപ്പിന് ഇരയായവരുടെ വാദം.

യുവാവിനെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടി സ്ഥാപനത്തില്‍ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് വിവരം. സ്ഥാപനത്തെ വിശ്വസിച്ചാണ് പലരും വന്‍ തുക നിക്ഷേപിക്കാന്‍ തയ്യാറായത്. നിക്ഷേപകരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും വിവരമുണ്ട്.

പണം സ്വീകരിച്ചതായും 30 ശതമാനത്തിലധികം ലാഭം നല്‍കാമെന്ന് ഉറപ്പ് നല്‍കുന്നതായും മുദ്ര പത്രത്തില്‍ എഴുതി നല്‍കിയാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച സ്ഥാപനം അടഞ്ഞുകിടക്കുന്നത് കണ്ടതോടുകൂടിയാണ് പലരും യുവാവിനെ തിരക്കിയത്. തുടര്‍ന്നാണ് ഇയാള്‍ മുങ്ങിയതായി നാട്ടുകാര്‍ മനസ്സിലാക്കിയത്. ആഢംബര ജീവിതമാണ് യുവാവ് നയിച്ചിരുന്നത്.

പണം നഷ്ടപ്പെട്ട ഒരാള്‍ യുവാവിന്റെ രണ്ട് ബൈക്കുകളും മത്സ്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യം വാങ്ങിയ വകയില്‍ തന്നെ യുവാവ് ഇയാള്‍ക്ക് രണ്ട് ലക്ഷം രൂപയോളം കൊടുക്കാനുണ്ട്.

യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി നിക്ഷേപകര്‍ സംശയിക്കുന്നു. വിദേശത്തും യുവാവിന് ബിസിനസ് ബന്ധങ്ങളുണ്ട് എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. സമ്പന്നര്‍ മുതല്‍ സാധാരണക്കാര്‍ വരെ യുവാവിന്റെ കെണിയില്‍ വീണതായാണ് വിവരം. വിവിധ വാട്‌സ്ആപ്പ് കൂട്ടായ്മകളിലും സാമൂഹ്യ മാധ്യമങ്ങളിലും യുവാവിന്റെ വിവിധതരത്തിലുള്ള ഫോട്ടോകളും തട്ടിപ്പിനെ സംബന്ധിച്ചുള്ള വിശദാംശങ്ങളും പ്രചരിക്കുന്നുണ്ട്.

നൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ആക്ഷേപം ഉണ്ടായിട്ടും സംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. വിഷയം സാമ്പത്തിക തട്ടിപ്പ് ആയതിനാല്‍ പരാതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാല്‍ മാത്രമേ പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാനാവൂ.