പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ശനിയാഴ്ച്ച രാവിലെയായിരുന്നു മരണം.
ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപനി സ്ഥിതികരിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്. ടെറസ്സിലും സണ്‍ ഷെയ്ഡിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.ഫല്‍വര്‍വെയ്‌സ്, റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.
വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ, കൊതുകുവല കൊണ്ടു മൂടുകയോ ചെയ്യുക. ഉപയോഗിക്കാത്ത ഉരല്‍,ആട്ടുകല്ല് എന്നിവ കമഴ്ത്തിയിടുക. ഉപയോഗിക്കാത്ത ടയറുകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത തരത്തില്‍ മണ്ണ് നിറയ്ക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക. പാചകത്തിനുംമറ്റുമായി വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചു വയ്ക്കണം.
റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.