എംടിയുടെ വീട്ടില്‍ മോഷണം തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓരോ ആഭരണങ്ങളായി എടുത്തു, ഒടുവില്‍ കുടുങ്ങി; വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ


കോഴിക്കോട്‌: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത്‌ വട്ടോളി സ്വദേശി പ്രകാശന്‍ (44) എന്നിവരെയാണു നടക്കാവ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എം.ടിയുടെ വീട്ടിലെ ജോലിക്കാരിയാണു ശാന്ത. അവരുടെ അടുത്ത ബന്ധുവാണു പ്രകാശന്‍.

അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍, രത്നം പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ്‌ തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ്‌ അവര്‍ കവര്‍ന്നത്‌. അലമാര താക്കോല്‍ ഉപയോഗിച്ചു ലോക്കര്‍ തുറന്നതാണു പോലീസിനു സംശയം തോന്നാന്‍ കാരണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പലപ്പോഴായിട്ടായിരുന്നു മോഷണം.

കഴിഞ്ഞ മാസം മുപ്പതിനു എം.ടിയുടെ മകള്‍ ലോക്കര്‍ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങളും നഷ്‌ടമായത്‌ അറിഞ്ഞത്‌. എം.ടിയുടെ വീട്ടില്‍ ജോലി ചെയ്‌തിരുന്ന ശാന്തയുടെ പെരുമാറ്റത്തില്‍ അന്വേഷണ സംഘത്തിന്‌ അസ്വാഭാവികത തോന്നിരുന്നു. ശാന്തയെപറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലപ്പോഴായി നടത്തിയ മോഷണത്തിന്റെ ചുരുളഴിഞ്ഞത്‌.

തുടര്‍ന്നു പ്രകാശനെ കസ്‌റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യുകയുമായിരുന്നു. പ്രകാശും ശാന്തയും കോഴിക്കോട്‌ കമ്മത്ത്‌ ലൈനിലെ ജൂവലറിയില്‍ പലതവണകളായി മോഷ്‌ടിച്ച സ്വര്‍ണം വിറ്റ വിവരം പോലീസിനോട്‌ സമ്മതിച്ചു. തുടര്‍ന്ന്‌ രാവിലെ വീട്ടില്‍നിന്നും ശാന്തയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

Summary: A year after the burglary at MT’s house, jewelry was taken one by one, and finally caught; The maid and her friend were arrested