നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ വീണു; വിദ്യാര്‍ഥിനിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് താമരശ്ശേരി സ്വദേശിനിയായ വനിതാ കോണ്‍സ്റ്റബിളിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ കാരണം
താമരശ്ശേരി: നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ വീണ വിദ്യാര്‍ഥിനിയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി താമരശ്ശേരി സ്വദേശിനിയായ വനിതാ കോണ്‍സ്റ്റബിള്‍. പരപ്പന്‍പൊയില്‍ വാടിക്കലിലെ ആര്‍.പി.എഫ് കോണ്‍സ്റ്റബിളായ കെ.ടി.അപര്‍ണയുടെ സമയോചിതമായ ഇടപെടലാണ് നിഹാരികയെന്ന വിദ്യാര്‍ഥിനിയ്ക്ക് തുണയായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
കൈയില്‍ നിറയെ സാധനങ്ങളുമായി തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കവേയാണ് നിഹാരിക വീണത്. പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അപര്‍ണ ഞൊടിയിടയില്‍ നിഹാരികയെ പിടിച്ച് കയറ്റുകയായിരുന്നു. രാവിലെ മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് സ്‌പെഷ്യല്‍ തീവണ്ടി ഉഡുപ്പി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഭക്ഷണം വാങ്ങാനായി ഇറങ്ങിയതായിരുന്നു പെണ്‍കുട്ടിയെന്ന് അപര്‍ണ പറയുന്നു. തീവണ്ടി പുറപ്പെടാറായിട്ടും പെണ്‍കുട്ടി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നില്ല. പെട്ടെന്നു തന്നെ അവരോട് തീവണ്ടിയിലേക്ക് കയറാന്‍ പറഞ്ഞു.
അടുത്ത നിമിഷം തീവണ്ടി നീങ്ങി. കൈയില്‍ ഭക്ഷണസാധനങ്ങളും ഫോണുമായി തീവണ്ടിയിലേക്ക് കയറാന്‍ ഓടുന്നത് കണ്ടപ്പോള്‍ പന്തികേട് തോന്നി പെണ്‍കുട്ടിക്ക് പിറകെ ഓടുകയായിരുന്നു. തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കവേ പിടിവിട്ട് വീണപ്പോള്‍ വലിച്ച് പ്ലാറ്റ്‌ഫോമിലേക്കിട്ടു. ഒരു യാത്രക്കാരനും സഹായത്തിനെത്തി. അപ്പോള്‍ തന്നെ തീവണ്ടി നിര്‍ത്തുകയും ചെയ്‌തെന്ന് അപര്‍ണ പറഞ്ഞു.
അല്‍പനേരം വിശ്രമിച്ച ശേഷം അതേ തീവണ്ടിയില്‍ നിഹാരിക യാത്ര തുടര്‍ന്നു. അപര്‍ണയുടെ ഈ കൃത്യനിര്‍വഹണത്തിന് ഉടന്‍ തന്നെ അഭിനന്ദന പ്രവാഹവും പാരിതോഷികവും എത്തി. കാര്‍വാര്‍ റീജണല്‍ റെയില്‍വേ മാനേജര്‍ ആശാ ഷെട്ടി ഉഡുപ്പി സ്റ്റേഷനിലെത്തി അപര്‍ണയ്ക്ക് 5000 രൂപയുടെ ചെക്ക് കൈമാറി.
Description: A woman constable from Thamarassery pulled the student back to life while she was trying to run into the train