കരിപ്പൂരില്‍ സിനിമയെ വെല്ലുന്ന തിരക്കഥയില്‍ സ്വര്‍ണക്കടത്ത്; സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ട് പേരും അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. സിനിമയെ വെല്ലുന്ന തിരക്കഥകള്‍ ഉണ്ടാക്കിയാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം. സ്വര്‍ണം കടത്താന്‍ ശ്രമിച്ച 30 കാരിയെയും അവരുടെ അറിവോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ രണ്ട് പേരുമാണ് ഇന്ന് കരിപ്പൂരില്‍ അറസ്റ്റിലായത്.
സംഭവം ഇങ്ങനെ, വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായാണ് യുവതി സ്വര്‍ണം കൊണ്ടുവന്നിരുന്നത്. ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ഇവരുടെ അറിവോടെ നാല് പേര്‍ വിമാനത്താവളത്തിലെത്തി. സ്വര്‍ണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വര്‍ണമാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.