കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചു; വളയത്ത് 4 പേർ പിടിയിൽ
വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ 4 പേർ പിടിയിൽ. വളയം എലിക്കുന്നുമ്മൽ ബിനു, റീനു ,ജിഷ്ണു , അശ്വിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. ഇതിനെ യുവാക്കൾ പിടിച്ച് കരയ്ക്ക് കയറ്റിയ ശേഷം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി കൊന്ന് കഷ്ണങ്ങളാക്കി. ശേഷം വീടുകളിൽ കൊണ്ടുപോയി കറിവെച്ചു കഴിക്കുകയായിരുന്നു.

രഹസ്യ വിവരത്തെ തുടർന്ന് കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിഖിൽ ജെറോമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തി. തുടർന്ന് യുവാക്കളുടെ വീടുകളിൽ നിന്ന് ഇറച്ചി കഷ്ണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.