കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരുക്ക്


പേരാമ്പ്ര: കാട്ടുപന്നി ബൈക്കിലിടിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരുക്ക്. ചക്കിട്ടപാറ പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജോബി അഗസ്റ്റി (47) നാണ് അപകടത്തില്‍പെട്ടത്.

ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് ജോലിയ്ക്കായി പോകവേ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പന്തിരിക്കര പടത്തുകടവ് റൂട്ടില്‍ ചക്കാലക്കല്‍ പടിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

വലിയ കാട്ടുപന്നി റോഡിനു കുറുകെ ചാടുകയായിരുന്നു. ബൈക്കില്‍ നിന്നു തെറിച്ചു റോഡില്‍ വീണ ജോബിക്ക് ശരീരത്തില്‍ പല ഭാഗത്തായി പരിക്കേറ്റു. എല്ലുകള്‍ക്ക് മൂന്നിടത്ത് പൊട്ടലുകളുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.