വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്ത രോഗ വ്യാപനം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
വാണിമേൽ: വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വാണിമേലിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർ സ്കൂളുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നുണ്ട്.
ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങളും മറ്റും ഉപയോഗിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം പടരുന്നത്. സ്കൂൾ പരിസരങ്ങളിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ, സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവയുടെ വിൽപന വിലക്കി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് തീരുമാനം.