ഗ്രൂപ്പ് കൃഷി പ്രോത്സാഹിപ്പിക്കുക, ജൈവപച്ചക്കറി ഉൽപ്പാദന വർദ്ധനവ് ഉയർത്തുക; മേപ്പയൂരിൽ ‘കൃഷിക്കൂട്ടങ്ങൾക്ക്’ പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമായി
മേപ്പയൂർ: കൃഷിഭവൻ്റെ പദ്ധതിയായ ‘കൃഷിക്കൂട്ടങ്ങൾക്ക്’ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വഴി പച്ചക്കറി തൈകൾ, വിത്തുകൾ, ത്രീമിക്സ് ജൈവവളം, ബയോകൺട്രോൾ ഏജൻ്റുകൾ എന്നിവ നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
5 മുതൽ 25 വരെ കർഷകർ ഉൾപ്പെടുന്ന 22 കൃഷിക്കൂട്ടങ്ങളാണ് പദ്ധതിയിലുള്ളത്. പച്ചക്കറി വിത്തുകളും തൈകളും 100% സബ്സിഡിയിലും ത്രീമിക്സ് ജൈവവളവും, ബയോകൺട്രോൾ ഏജൻ്റുകളും 75% സബ്സിഡിയിലും കൃഷിക്കൂട്ടങ്ങൾക്ക് ലഭിച്ചു. കൂടാതെ കൂലിച്ചെലവ് സബ്സിഡിയും ഇതോടൊപ്പം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് കൃഷി പ്രോത്സാഹിപ്പിക്കുക, ജൈവപച്ചക്കറി ഉൽപ്പാദിപ്പിച്ച് ഉൽപ്പാദന വർദ്ധനവ് ഉയർത്തുക, സ്വയം പര്യാപ്തത നേടുക എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. പാലക്കാട് വി.എഫ്.പി.സി.കെ വഴി വിത്തുകളും മേപ്പയൂർ കാർഷിക കർമ്മസേന വഴി തൈകളും കോഴിക്കോട് കേരള കാർഷിക സർവ്വകലാശാലയുടെ വിൽപ്പന കേന്ദ്രം വഴി ബയോകൺട്രോൾ ഏജൻ്റുകളും കൃഷി വകുപ്പ് അംഗീകാരത്തിലുള്ള വെള്ളന്നൂർ നഴ്സറി വഴി ത്രീമിക്സ് വളവും കൃഷിക്കൂട്ടത്തിന് ലഭിച്ചു.
ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടിയുടെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ സ്വാഗതം വഹിച്ചു. കെ.കെ മൊയ്തീൻ മാസ്റ്റർ, കുഞ്ഞിരാമൻ കിടാവ്, കെ.ടി.കെ പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Description: A vegetable farming project has been started for ‘Krishikoottan’ in Meppayur