മുരളീധരന്‍ ഒരുങ്ങിക്കഴിഞ്ഞു, കൊയിലാണ്ടിയുടെ മാവേലിയാവാൻ; ഇനി നൃത്തത്തിന്റെ ചുവടുകളോ മേളത്തിന്റെ താളമോയില്ലാതെ നിൽപ്പിന്റെ നാളുകൾ


എ സജീവ് കുമാർ

കൊയിലാണ്ടി: ഇനിയുള്ള ദിവസങ്ങളില്‍ മുരളീധരന്‍ ചേമഞ്ചേരിയെന്ന അതുല്യ കലാകാരന്‍ മാവേലിയുടെ വേഷത്തിലായിരിക്കും. നൃത്തത്തിന്റെ ചുവടുകളോ മേളത്തിന്റെ താളമോയില്ലാതെ ഒരേ ഒരു നില്പ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നഗരത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ ഓണം നാളുകളില്‍ മാവേലിയായി വേഷമിടുന്ന ഇദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലുമെല്ലാം തിറയാട്ടമവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ്.

തിറയാട്ടം മാത്രമല്ല, തബല, മൃദംഗം, ചെണ്ട, തകില്‍, ഇടയ്ക്ക, ഗഞ്ചിറ, ഘടം തുടങ്ങി ഏതാണ്ടെല്ലാ ഉപകരണങ്ങളും മനോഹരമായി വാദനം ചെയ്യാനും ഇദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അഭിനയം, തോറ്റം, തിറയാട്ടം, ഭജന്‍സ്, നാടന്‍പാട്ട്, കവിത, ദൃശ്യാവിഷ്‌ക്കാരം എന്നിവയെല്ലാം മുരളീധരന്‍ ചേമഞ്ചേരി എന്ന അനുഗ്രഹീതനായ കലാകാരന്റെ കൂടപ്പിറപ്പാണ്.

മലബാര്‍ സുകുമാരന്‍ ഭാഗവതര്‍,ശിവദാസ് ചേമഞ്ചേരി എന്നിവരുടെ ശിഷ്യനായി ആറാം വയസ്സിലാണ് മുരളീധരന്‍ കലാരംഗത്തെത്തിയത്. തബലയിലായിരുന്നു തുടക്കം. പത്ത് വര്‍ഷത്തോളം ശിവദാസ് ചേമഞ്ചേരിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. തബല പരിശീലനത്തോടൊപ്പം സുകുമാരന്‍ ഭാഗവതരുടെ കീഴില്‍ സംഗീത പഠനവും തബലയോടൊപ്പം ക്രമേണ മൃദംഗം,ചെണ്ട,തകില്‍,ഗഞ്ചിറ,ഘടം എന്നിവയും സ്വായത്തമാക്കി.

അച്ഛന്‍ പറമ്പില്‍ നാണു അറിയപ്പെടുന്ന തെയ്യംകലാകാരനായിരുന്നു. അച്ഛനും ഇളയച്ഛന്‍ ശ്രീധരനുമാണ് തെയ്യത്തിന്റെ ബാലപാഠങ്ങള്‍ മുരളീധരന് പകര്‍ന്നു നല്‍കിയത്. ആദ്യ അരങ്ങേറ്റം പതിമൂന്നാം വയസ്സില്‍ ചേമഞ്ചേരി വെളളാരി ഭഗവതി ക്ഷേത്രത്തിലായിരുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ലളിത ഗാനം, മോണോ ആക്ട്, തബല, മിമിക്രി എന്നിവയില്‍ ഒന്നാം സ്ഥാനത്ത് നേടി ജില്ലാ കലോല്‍സവത്തില്‍ മുരളീധരന്‍ പ്രതിഭ തെളിയിച്ചിരുന്നു.

ഭഗവതി, അഗ്‌നി ഘണ്ടാകര്‍ണ്ണന്‍, തീക്കുട്ടി ചാത്തന്‍ എന്നീ കോലങ്ങള്‍ തന്മയത്തത്തോടുകൂടിയാണ് മുരളീധരന്‍ കെട്ടിയാടുക. ഇതോടൊപ്പം തെയ്യങ്ങളുടെ ചമയ നിര്‍മ്മാണം, കുരുത്തോല ചമയങ്ങള്‍, മുഖത്തെഴുത്ത്, തോറ്റം എന്നിവയിലും കഴിവ് തെളിയിച്ചു. ഇതിനെല്ലാം കൂടിയുളള അംഗീകരമായി ചേമഞ്ചേരി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രം പട്ടും വളയും നല്‍കി ആദരിച്ചിരുന്നു.

തബല, മൃദംഗം തുടങ്ങിയ സംഗീത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ മുരളീധരന്‍ നടത്തിയ താള വാദ്യ നടന വിസ്മയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈ മലയാളി സമാജം പ്രഥമ കലാ പ്രതിഭാ പുരസ്‌ക്കാരം നല്‍കിയാണ് ഈ പരിപാടിയെ അംഗീകരിച്ചത്. തൃശൂരില്‍ സംഗീത നാടക അക്കാദമി നടത്തിയ ദേശീയ ഗോത്രോല്‍സവത്തില്‍ അഗ്‌നി ഘണ്ടാകര്‍ണ്ണന്റെ തെയ്യമവതരിപ്പിച്ചപ്പോഴും വലിയ ആദരവ് ലഭിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരാണ് ചെണ്ടമേളങ്ങളിലും തായമ്പകയിലും പരിശിലനം നല്‍കിയത്. കലാകാരന്‍മാരെല്ലാം പ്രതിസന്ധിയിലായ കോവിഡ് കാലഘട്ടത്തില്‍ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ വരികള്‍ മകളായ വേദ ലക്ഷ്മിയിലൂടെ ഓട്ടന്‍തുളളലായി അവതരിപ്പിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാഷന്‍ ഡിസൈനിംഗ് ജീവിത ലക്ഷ്യമാക്കിയ ലിജിതയാണ് ഭാര്യ. തെയ്യങ്ങള്‍ക്കാവശ്യമായ ആടയാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഭാര്യ ലജിത കൂട്ടായിട്ടുണ്ട്.

summary: a unique artist named muralidharan chemanchery will be the maveli of koyilandy in the upcoming onam days