പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസുകാരന് ദാരുണാന്ത്യം
കാസര്‍കോട്: പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് കുമ്പള ഭാസ്‌കര നഗറില്‍ താമസിച്ചുവരുന്ന അന്‍വര്‍-മഹറൂഫ ദമ്പതികളുടെ മകന്‍ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വീട്ടില്‍ വെച്ച് പിസ്ത കഴിക്കുന്നതിനിടെ തൊണ്ടയില്‍ തോട് കുടുങ്ങിയതോടെ വീട്ടുകാര്‍ വായില്‍ നിന്നും അതിന്റെ ഒരു കഷ്ണം പുറത്തെടുത്തു. ശേഷം കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയി. വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനാവാത്തതോടെ ഡോക്ടര്‍ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു.
എന്നാല്‍ രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.