വാശിയേറിയ പോരാട്ടം, ഒടുക്കം മീന്‍ പേരിയാ റസിഡന്‍സ് അസോസിയേഷന് ഒന്നാം സ്ഥാനം; ‘ലഹരിക്കെതിരെ കായിക ലഹരി’- സന്ദേശവുമായി പയ്യോളിയില്‍ വനിതകളുടെ വടംവലി മത്സരം


പയ്യോളി: പയ്യോളിയില്‍ ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വനിതകളുടെ വടം വലി മത്സരം നടത്തി. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും പയ്യോളി നഗരസഭയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. പയ്യോളി ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ വച്ച് (കീഴൂര്‍ ) നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ഷെഫീക്ക് വടക്കയില്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയര്‍മാന്‍ ഫാത്തിമ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ ലഹരിക്കെതിരെയുള്ള സന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ചു.

എട്ട് ടീമുകള്‍ അണിനിരന്ന വാശിയേറിയ വടംവലി മത്സരത്തില്‍ മീന്‍ പേരിയാ റസിഡന്‍സ് അസോസിയേഷന്‍ ഒന്നാം സ്ഥാനവും ഹരിതം റസിഡന്‍സ് അസോസിയേഷന്‍ രണ്ടാം സ്ഥാനവും ഹരിത കര്‍മ്മ സേന മൂന്നാം സ്ഥാനവും നേടി. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ച സമഭാവന റെസിഡന്‍സ് അസോസിയേഷന് പ്രോത്സാഹന സമ്മാനവും നല്‍കി.

സമാപന ചടങ്ങില്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജിനേഷ് റസിഡന്‍സ് അസോസിയേഷനിലെ മല്ലിക എന്നിവര്‍ കരോക്ക ഗാനമേളയും ജയരാജ് ആംഗറിങ്ങും നടത്തി.

വിജയികള്‍ക്ക് ചെയര്‍മാന്‍ ഷെഫീഖ് വടക്കയില്‍, വൈസ് ചെയര്‍മാന്‍ ഫാത്തിമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

കെ.എസ്. ഇ എസ്. എ ജോയിന്‍ സെക്രട്ടറി പ്രസൂണ്‍ കുമാര്‍, സുധീര്‍ കുന്നുമ്മല്‍ എന്നിവര്‍ വടംവലി മത്സരം നിയന്ത്രിച്ചു .ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.