ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കാം, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക; ഞായറാഴ്ച രാത്രിവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (ഞായറാഴ്ച) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.