പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ ജീപ്പിന് മുകളിലേക്ക് മരം കടപുഴകി വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി


പേരാമ്പ്ര: പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിട്ട ജീപ്പിന് മുകളിലേക്ക് മരം കടപുഴകി വീണു. ഇന്ന് ഉച്ചക്ക് 12.10 ഓടെയാണ് സംഭവം.

മെയിന്‍ റോഡില്‍ കായണ്ണക്ക് സര്‍വ്വീസ് നടത്തുന്നതിനായി നിര്‍ത്തിയിട്ട ജീപ്പിന് മുകളിലേക്ക് സമീപത്തെ ഇത്തി മരം കടപുഴകി വീഴുകയായിരുന്നു. നാല് കോളേജ് വിദ്യാര്‍ത്ഥിനികളടക്കം എട്ട് യാത്രക്കാരികള്‍ ഈ സമയം ജീപ്പിനകത്ത് ഉണ്ടായിരുന്നു.

വള്ളികളും മറ്റും പടര്‍ന്നിരുന്നതിനാലും കയറുകളും മറ്റും കെട്ടിയിരുന്നതിനാലും മരം സാവധാനമാണ് ജീപ്പിന് മുകളിലേക്ക് പതിച്ചത്. അതിനാല്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ചന്ദ്രന്‍ ജീപ്പ് സ്ാറ്റാര്‍ട്ട് ചെയ്യാനൊരങ്ങുമ്പോഴായിരുന്നു അപകടം.

കായണ്ണ സ്വദേശി കെ.എം. അശോകന്റേതാണ് ജീപ്പ്. അപകടത്തില്‍ ജീപ്പിന്റെ ഒരുവശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളും സോഷ്യല്‍ ഡിഫന്‍സ് സേനാംഗങ്ങളും നാട്ടുകരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.