‘ഐഡികാർഡിന് ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ ഒപ്പം വിടണം’; കുരുടിമുക്കിൽ ഒമ്നി വാനിലെത്തിയ മൂന്നം​ഗ സംഘം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി


അരിക്കുളം: കുരുടിമുക്കിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ​കുരുടിമുക്കിലെ കറുത്തേടത്ത് മിത്തൽ സാബത്തിൻ്റെ മകൾ ഫാത്തിമ ഷെറിനെയാണ് അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് ഐഡികാർഡ് എടുത്തിട്ടില്ലെന്നും ഇതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമിൽ തങ്ങൾക്കൊപ്പം അയക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിൽ സംശയം തോന്നിയ കുട്ടിയുടെ ഉമ്മ സ്കൂളിലെ ടീച്ചറുമായി ബന്ധപ്പെടുകയായിരുന്നു. ഐഡി കാർഡുമായി ബന്ധപ്പെട്ട് ആരേയും അയച്ചിട്ടില്ലെന്നാണ് ടീച്ചർ നൽകിയ മറുപടി. ഇതിനിടയിൽ അമളി മനസിലാക്കിയ സംഘം യുവതി അകത്തുപോയ തക്കത്തിന് വാഹനവുമായി കടന്നു കളഞ്ഞു.

​​ഗ്രേ കളർ ഒമിനി വാനിലാണ് സംഘം വീട്ടിലെത്തിയതെന്ന് കുട്ടിയുടെ വാപ്പ സാബത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുട്ടിക്ക് ഐഡി കാർഡില്ലെന്ന വിവരം സംഘത്തിൽപെട്ടവർക്ക് എങ്ങനെ അറിയാമെന്നത് സംശയമുളവാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: A three-member gang in an omni van tried to abduct a student at Kurudimuk