മണിയൂര്‍ കുറുന്തോടിയില്‍ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു


മണിയൂര്‍: കുറുന്തോടിയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാവ് തട്ടിപ്പറിച്ചു. ചാത്തോത്ത് മീത്തല്‍ ശൈലജയുടെ മാലയാണ് നഷ്ടമായത്. ഒന്നേകാല്‍ പവനോളം വരുന്നതാണ് മാല.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുറുന്തോടി വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. ഓഫീസിന് സമീപത്താണ് ശൈലജയുടെ വീട്. ഇവിടെ നിന്നും സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചെത്തിയ ഒരാള്‍ മാല തട്ടിപ്പറിച്ച് ശൈലജയെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

ശൈലജയുടെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവ് ഇടവഴിയിലൂടെ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു. ശൈലജയുടെ പരാതിയില്‍ വടകര പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.