കണ്ണൂരിൽ തെങ്ങ് വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം


കണ്ണൂർ: ജെ.സി.ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെ കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്ത് ജെ.സി.ബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നിരുന്നത്.

തെങ്ങ് പിഴുതുമാറ്റുന്നതിനിടയിൽ ദിശ തെറ്റി കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് നിസാൽ.

Summary: A ten-year-old boy met a tragic end after a coconut fell in Kannur