മലപ്പുറത്ത് ആറുവയസ്സുകാരന്‍ കളറിങ് പെന്‍സില്‍ വിഴുങ്ങി; അധ്യാപകരുടെ പ്രാണവായുവില്‍ വിദ്യാര്‍ത്ഥിയ്ക്ക് പുതുജീവന്‍


തേഞ്ഞിപ്പലം: അധ്യാപകരുടെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടതു വിദ്യാര്‍ഥിയുടെ ജീവന്‍. കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെത്തുടര്‍ന്നു ചുമച്ച് അവശനായ വിദ്യാര്‍ഥിയ്ക്കാണ് രക്ഷകരായി അധ്യാപകര്‍ എത്തിയത്. വഴിയിലുടനീളം നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയും ആശുപത്രിയിലെത്തിച്ചതാണു രക്ഷയായത്.

മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്‌കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടന്‍ കൃത്രിമശ്വാസം നല്‍കി. സ്‌കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ ടി.താരാനാഥ്, ബിനോയ് എന്നിവര്‍ കൃത്രിമശ്വാസം നല്‍കുന്നതു തുടര്‍ന്നു. എന്‍ഡോസ്‌കോപ്പിയിലൂടെ പെന്‍സിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു. പാറയില്‍ കുഴിമ്പില്‍ ജംഗീഷിന്റെ മകനാണ് പ്രണവ്.

summary: a student who swallowed a pencil was saved by the opportune intervention of the teacher