മൻസിയയുടെ ജീവിതാനുഭവങ്ങളെ അരങ്ങിൽ പുനരാവിഷ്കരിച്ച് മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കൗമുദി കളരിക്കണ്ടി; മോണോ ആക്ടിൽ ഈ മിടുക്കിയ്ക്കിത് ഹാട്രിക്ക് തിളക്കം


മേപ്പയൂര്‍: പ്രശസ്ത നര്‍ത്തകി മന്‍സിയയുടെ ജീവിതാനുഭവത്തെ അരങ്ങില്‍ ആവിഷ്‌കരിച്ച് തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും സംസ്ഥാന തലത്തില്‍ എ ഗ്രേഡിന്റെ തിളക്കമാര്‍ന്ന വിജയവുമായി കൗമുദി കളരിക്കണ്ടി. മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

നര്‍ത്തകിയായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും വലിയ വിലക്കേല്‍ക്കേണ്ടി വന്ന മാനസിയയുടെ ജിവിതത്തിലൂടെ അഭിനയത്തില്‍ അസാമാന്യമായ പ്രതിഭ തെളിയിച്ച ഈ മിടുക്കിയ്ക്ക് വേദിയില്‍ നിന്നും ഉയര്‍ന്ന കൈയ്യടിയാണ് ലഭിച്ചത്.

മൂന്നാം ക്ലാസ് മുതല്‍ കൗമുദി മോണോ ആക്ട് പഠിച്ചു വരുകയാണ്. ഇരിങ്ങത്ത് യു.പി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ സത്യന്‍ മുദ്രയുടെ കീഴിലാണ് പഠനം. കാലിക പ്രധാന്യമുള്ള വിഷയങ്ങളിലൂടെ വേദികളിലെത്തുന്ന കൗമുദിയ്ക്ക് മത്സരത്തില്‍ മികവുറ്റ വിജയം മുതല്‍ക്കൂട്ടാകാറുണ്ട്. ഇതിനു പിന്നില്‍ അധ്യാപകന്റെയും രക്ഷിതാക്കളുടെയും വലിയ പിന്‍തുണയുമുണ്ട്.

സ്‌കൂള്‍ തലങ്ങളില്‍ നൃത്തം, നാടകം മോണോ ആക്ട് മത്സരങ്ങളില്‍ മാറ്റുരച്ച കൗമുദി. പത്താം ക്ലാസിനു ശേഷം അഭിനയത്തിലേക്കുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇത്തവണ ജില്ലാതലം വരെ നാടകത്തിലും സംസ്ഥാന തലത്തില്‍ മോണോ ആക്ടിലുമാണ് പങ്കെടുത്തത്.

കലയോടൊപ്പം പഠനത്തിലും മിടുക്കിയാണ് കൗമുദി. മേപ്പയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. അതിനു പുറമെ എന്‍.എസ്.എസ്, എസ്.പി.സി എന്നിവയിലുമെല്ലാം പങ്കെടുക്കാറുണ്ട്. അഭിനയത്തിനെ ഇത്രമാത്രം ഉള്‍ക്കൊണ്ട കൗമുദിയ്ക്ക് സ്‌കൂള്‍ തലത്തില്‍ എസ്.പി.സിയില്‍ അംഗമായിരിക്കെ മോഹന്‍ലാലുമായി അഭിമുഖം നടത്താനും അവസരവും ലഭിച്ചിട്ടുണ്ട്.

ഇരിങ്ങത്ത് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന വിളയാട്ടൂര്‍ കളരിക്കണ്ടി ശശികുമാറിന്റെയും സതി.കെയുടെയും മകളാണ്. ഗൗതമന്‍ കളരിക്കണ്ടി സഹോദരനാണ്.

summary: a student of meppayur higher secondary school, won a hat trick in mono act